സ്ഥാപനചരിത്രം

🏛️

ചരിത്രം

കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രവും പൈതൃകവും

പഴയ വെള്ളാരപ്പിള്ളി പഞ്ചായത്ത് വിജിക്കപ്പെട്ട് കാഞ്ഞൂർ, ശ്രീമൂലനഗരം എന്നീ രണ്ടു പഞ്ചായത്തുകളായി.

പഞ്ചായത്തിന്റെ രൂപീകരണം

കാഞ്ഞൂർ പഞ്ചായത്തിന്റെ ആദ്യകാല ചരിത്രം

പഴയ വെള്ളാരപ്പിള്ളി പഞ്ചായത്ത് വിജിക്കപ്പെട്ട് കാഞ്ഞൂർ, ശ്രീമൂലനഗരം എന്നീ രണ്ടു പഞ്ചായത്തുകളായി. കാഞ്ഞൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് ശ്ര പാറയ്ക്കൽ യോഹന്നാനായിരുന്നു.

പഴയ കൊച്ചി രാജ്യത്തിലെ അതിശക്തനായ രാജാവായിരുന്ന ശക്തൻതമ്പുരാന്റെ ജന്മം കൊണ്ട് (പ്രസിദ്ധമാണ് വെള്ളാരപ്പിള്ളി കോവിലകം. ഈ കോവിലകം ഇന്നും ഇവിടെയുണ്ട്. കാഞ്ഞൂർ പഞ്ചായത്ത് ഉടലെടുക്കുന്നതിനു മുമ്പ് ഈ പ്രദേശം വെള്ളാരപ്പിള്ളി പഞ്ചായത്ത് ആയിരുന്നു..

പൈതൃകം

വെള്ളാരപ്പിള്ളി കോവിലകം

കോവിലകം സ്ഥിതി ചെയ്യുന്നത് പഞ്ചായത്തിലെ പുതിയേടത്താണ്. പഴയ കൊച്ചി രാജാവിന്റെ ആസ്ഥാനം ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി മാറ്റേണ്ടി വന്നു എന്നും അതിനു വേണ്ടി പുതിയ ഇടം കണ്ടൊത്തണ്ടി വന്നു എന്നതും ചരിത്രം. അങ്ങനെ കണ്ടെത്തിയ പുതിയ ഇടമായതിനാലാണ് പുതിയേടമായത് എന്നാണ് പഴമക്കാർ പറയുന്നത്.

കൊച്ചി രാജ്യവുമായി ബന്ധപ്പെട്ട ചരിത്രം

കാഞ്ഞൂർ പ്രദേശത്തിന്റെ ചരിത്രബന്ധം

വെള്ളാരപ്പിള്ളി പഞ്ചായത്ത് വിഭജിക്കപ്പെട്ട് കാഞ്ഞൂർ, (ശ്രീമൂലനഗരം പഞ്ചായത്തുകളായപ്പോൾ ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വരയിലായിരുന്നു കൊച്ചി രാജ്യത്തെ സമ്മർപാലസുകൾ. ഈ കൊട്ടാരങ്ങൾ അടുത്തകാലം വരെ നിലനിന്നിരുന്നു. കൊച്ചി രാജ്യ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത്. പഴയ തിരുവിതാംകൂറിന്റെ ഭാഗങ്ങളായിരുന്നു. വെള്ളാരപ്പിള്ളിക്കു ചുറ്റുമുണ്ടായിരുന്നത്. കീഴക്കും തെക്കും വശങ്ങളിൽ പെരിയാറുമായിരുന്നു.

ഭൗമശാസ്ത്രപരമായ പ്രത്യേകത

കാലടിയുടെയും മലയാറ്റൂരിന്റെയും സാമീപ്യം

ശ്രീശങ്കരാചാര്യരുടെ ജന്മം കൊണ്ട് പുണ്യമായ കാലടിയുടെയും ക്രിസ്തുമത പ്രവാചകനായിരുന്ന സെന്റതോമസ്സിന്റെ അന്ത്യ വിശ്രമസ്ഥാനമായ മലയാറ്റൂരിന്റെയും സാമീപ്യം കൊണ്ട് അനുഗ്രഹീതമാണ് കാഞ്ഞൂർ

ആരാധനാ പൈതൃകം

പുതിയേടം ദേവീ ക്ഷേത്രം

പുതിയേടം ദേവീ ക്ഷേത്രം കൊച്ചി രാജവംശത്തിന്റെ കുടുംബ ക്ഷേത്രം തന്നയായിരുന്നു. ആയിരത്തോളം കൊല്ലത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

മതസൗഹാർദ്ദവും ചരിത്രവും

വിശുദ്ധ.സെബസ്ത്യാനോസ് പുണ്യവാളന്റെ പള്ളി

ഈ ക്ഷേത്ര നടയിൽ നിന്നും ഒരു കി.മീറ്റർ അകലെ മാത്രമാണ് പ്രസിദ്ധമായ വിശുദ്ധ.സെബസ്ത്യാനോസ് പുണ്യവാളന്റെ പള്ളി. പള്ളി സ്ഥാപിച്ചിട്ട് ആയിരത്തോളം കൊല്ലമായിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോഴത്തെ പള്ളികെട്ടിടത്തിന് 400-ൽപരം വർഷങ്ങളുടെ പഴക്കമുണ്ട്.

ശക്തൻ തമ്പുരാൻ പള്ളിക്കു സംഭാവന ചെയ്ത അനവിളക്കം തുടൽവിളക്ക്, കോൽവിളക്ക് എന്നിവ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു. പള്ളി പെരുന്നാളിന്റെ എഴുന്നള്ളിപ്പ് ഇന്നും ദേവീക്ഷേത്രനട വരെ പോവുന്നു. ദേവിയും പുണ്യവാളനും സഹോദരീ സഹോദരന്മാരായിരുന്നു എന്നാണ് പഴമക്കാരുടെ വിശ്വാസം. എന്തായാലും മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമാണ് ഈ ചടങ്ങുകൾ.

കലയും ശില്പവും

പള്ളിയുടെ ചരിത്രസ്മാരകങ്ങൾ

ഈ ദേവാലയത്തിലെ അൾത്താരയിലെ ഇലച്ചായത്തിൽ രചിച്ച ചിത്രങ്ങൾ പോർത്തുഗീസ് ശൈലിയിലുള്ളതാണ്. ടിപ്പുവിന്റെ പടയോട്ടത്തെ സ്മരിക്കുന്ന കളർ ചിത്രങ്ങൾ പള്ളിചുമരിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

പഴയ ദേവാലയത്തിലെ കരിങ്കൽ ശില്പവേലകൾ, ചുമരിൽ കരിങ്കല്ലിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള പുരാതന ലിപികൾ എന്നിവ ഈ ആരാധനാലയത്തിന്റെ പഴക്കത്തെയും ചരിത്രബന്ധങ്ങളെയും സൂചിപ്പിക്കുന്നു.

പുരാതന സ്മാരകങ്ങൾ

പൈതൃകത്തിന്റെ അടയാളങ്ങൾ

ഇവിടുത്തെ ഒറ്റക്കൽ മാമ്മോദിസ തൊട്ടി, ഒറ്റക്കൽ കുരിശ് എന്നിവ പണ്ഡിതൻ ഇവിടെ അത്ഭുതകരങ്ങളാണ്.

കാഞ്ഞൂർ എന്ന പേരിന്റെ പിന്നിൽ

“കനക ഊർ” ലോപിച്ച് “കാഞ്ഞൂർ” ആയി

പ്രശസ്തനായ ഒരു സംസ്കൃത ഉണ്ടായിരുന്നുവെന്നും, പൂർണ്ണാനദിയിൽ ചുറ്റപ്പെട്ട് ഫലഭൂയിഷ്ടമായ കനകം വിളയുന്ന നാടായി ഇതിനെ ചിത്രീകരിച്ചിരുന്നുവെന്നും അങ്ങനെ "കനക ഊർ ലോപിച്ച് "കാഞ്ഞൂർ" ആയി എന്നും പഴമക്കാർ പറയുന്നു. കനകം വിളയുന്ന മണ്ണു തന്നെയാണ് ഈ ഭൂമി .

വിദ്യാഭ്യാസ ചരിത്രം

വിദ്യാഭ്യാസ രംഗത്തെ ആദ്യകാല മുന്നേറ്റങ്ങൾ

ഫ്യൂഡൽ ജന്മി കാലഘട്ടത്തിൽ അവരവരുടെ വിദ്യാഭ്യാസത്തിനായി നാട്ടെഴുത്ത് പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിനും മലയാള വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിനു മുമ്പ് തന്നെ ആധുനിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

പഴയ വെള്ളാരപ്പിള്ളി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം പുതുശ്ശേരി മത്തായി കത്തനാരുടെ നേതൃത്വത്തിൽ കൈപ്രകുന്നിൽ ആരംഭിച്ച മലയാള സ്കൂൾ ആയിരുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസം

1906

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1906-ൽ കർമ്മലീത്ത സന്യാസികളുടെ നേത്യത്വത്തിൽ ചെങ്ങലിൽ (ഇപ്പോഴത്തെ സെ.ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ) ആരംഭിച്ചു.

ഹൈസ്കൂൾ വിദ്യാഭ്യാസം

ആദ്യകാല വിദ്യാഭ്യാസ സൗകര്യങ്ങൾ

ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങൾ അക്കാലത്ത് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. ആലുവാ. എറണാകുളം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി ഇന്നാട്ടുകാർ പോയിക്കൊണ്ടിരുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെ. സെബാസ്റ്റ്യൻസ് സ്കൂളും സെ. ജോസഫ്സ് ഗേൾസ് ഹൈസ്കൂളും

1919 ലാണ് ഇപ്പോഴത്തെ സെ. സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കപ്പെട്ടത്. 1913-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അതേവർഷം തന്നെ പെൺകുട്ടികൾക്കായി കർമ്മലീത്ത സന്യാസിനികളുടെ നേതൃത്വത്തിൽ കാഞ്ഞൂരിൽ സെ. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.

സാമൂഹിക ചരിത്രം

പഴയ സാമൂഹിക ഘടന

പ്രബലങ്ങളായി ക്ഷത്രീയ ഗൃഹങ്ങളും ബ്രാഹ്മണഗൃഹങ്ങളും ഇവിടെ ഉണ്ടായിരുന്നു. അവരുടെ ഭൂസ്വത്ത് പാട്ടത്തിനും കൃഷിക്കുമായി ഏറ്റെടുത്ത് നടത്തിയിരുന്ന അടിയാളന്മാരുടെ തെളിച്ചമില്ലാത്ത ചരിത്രവും ഇവിടെ കാണാം.

സാഹിത്യ പൈതൃകം

ശുക സന്ദേശവും വെണ്മണി പാരമ്പര്യവും

സംസ്കൃത സാഹിത്യത്തിലെ പ്രസിദ്ധ സന്ദേശകാവ്യമായ ശുക സന്ദേശ കർത്താവി ലക്ഷ്മിദാസന്റെ ഇല്ലത്തിന്റെ സ്ഥാനത്താണ് ഇപ്പോൾ സെ സെബെസ്റ്റ്യൻസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് എന്നു പറയപ്പെടുന്നു.

ഭാഷാ സാഹിത്യത്തെ ജനകീയമാക്കാൻ വഴി തെളിച്ച് വെണ്മണി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായ വെണ്മണി അച്ചനും മകനും ജന്മമേകിയ വെണ്മണി ഇല്ലം ഈ പഞ്ചായത്തിന്റെ അപൂർവ്വ സമ്പത്താണ്.

പ്രശസ്ത വ്യക്തിത്വം

വയലാർ രാമവർമ്മ

ഗാനഗന്ധർവ്വനായ വയലാർ രാമവർമ്മയുടെ അച്ഛൻ വെള്ളരപ്പിള്ളി കോവിലകത്തെ ശ്രീ കേരളവർമ്മയാണ്.

ആത്മീയ പൈതൃകം

കാഞ്ഞൂർ പുണ്യവാളൻ

കാഞ്ഞൂരിന്റെ സർവ്വ ഐശ്വര്യങ്ങൽക്കും കാരണഭൂതനായി കരുതുന്ന കാഞ്ഞൂർ പുണ്യവാളൻ നാനാ ജാതി മതസ്ഥരായ സകലരുടേയും ആദ്ധ്യാത്മിക ശക്തിയാണ്.

വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ

സെന്റ്മേരിയുടെ നാമത്തിലുള്ള ദേവാലയം

സെന്റ്മേരിയുടെ നാമത്തിലുള്ള ഈ ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ കേരളത്തിലെങ്ങും പ്രസിദ്ധമാണ്.

അത്യപൂർവ്വമാണ് ഈ പള്ളിയുടെ ചുമരുകളിൽ ആ ലേഖനം ചെയ്തിരിക്കുന്ന വട്ടെഴുത്തുകളും ചുമർചിതങ്ങളും ഇവിടുത്തെ മാമ്മോദീസാക്കല്ലും ആനവിളക്കും ചരിത്രാന്വേഷകരേയും തീർത്ഥാടകരെയും ഒരു പോലെ ആകർഷിക്കുന്നു.

ടിപ്പുവിന്റെ പടയോട്ടം

ചരിത്രത്തിന്റെ നിത്യസ്മാരകങ്ങൾ

ടിപ്പുവിന്റെ പടയോട്ടങ്ങളുടെ നിത്യസ്മാരകങ്ങളായ രേഖാചിത്രങ്ങൾ കാഞ്ഞൂർ പള്ളിയുടെ മുൻചുമരുകളിൽ ഒരുകാലത്തുണ്ടായിരുന്നു.

മതമൈത്രി

പൈതൃകത്തിന്റെ മിത്ത്

പുതിയേടം ഭഗവതി ക്ഷേത്രത്തലെ ദേവിയും കാഞ്ഞൂർ പുണ്യവാളും തമ്മിലുള്ളതായി പറയപ്പെടുന്ന സഹോദരബന്ധം ഈ നാടിന്റെ മതമൈത്രിയുടെ ഒരു മിത്തായി കരുതാം